Friday, April 29, 2016

ചിരിയേരി

 അജിത് ശ്രീനിവാസന്‍
 10:20 AM
 30/04/2016
ഒരു ചിരിയിലൂടെ നമുക്ക് പലതും നേടാനായേക്കും. അത് സൗഹൃദമാവാം. അതല്ളെങ്കില്‍ ഒരു പ്രണയത്തിന്‍െറ തുടക്കമാവാം. എന്നാല്‍, ഒരു യുദ്ധം തീര്‍ക്കാന്‍ അതിനു കഴിഞ്ഞതായി ഇതുവരെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അത്തരമൊരു ദൗത്യത്തിന്‍െറ മധ്യത്തിലാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍െറ നില്‍പ്. ഇ.കെ. നായനാര്‍ക്കു ശേഷം എ.കെ.ജി സെന്‍ററില്‍ ഒരു ചിരിമുഖം കാണുന്നത് അദ്ദേഹത്തിലൂടെയാണ്്. നായനാര്‍ ചിരിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. കുറെക്കാലമായി സഖാക്കള്‍ക്ക് ചിരിയില്ല എന്ന പരാതി കോടിയേരിയത്തെുന്നതോടെ അവസാനിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
എന്നാല്‍, ദിവസവും തമ്മില്‍ വഴക്കുകൂടുന്ന മാതാപിതാക്കളുടെ ഇടയില്‍ പെട്ടുപോകുന്ന പ്രായപൂര്‍ത്തിയായ മകന്‍െറ അവസ്ഥയാണ് അദ്ദേഹത്തിനിപ്പോള്‍. കാര്യങ്ങളെല്ലാം നടത്തേണ്ടത് മകനാണെങ്കിലും എന്തു ചെയ്താലും അച്ഛനും അമ്മക്കും രണ്ടു പക്ഷം. അച്ഛന് ഇഞ്ചിപക്ഷം അമ്മക്ക് കൊഞ്ചു പക്ഷം. അതുപോലെ പാര്‍ട്ടിയില്‍ ഒരുവശത്ത് വി.എസ്. അച്യുതാനന്ദന്‍ മറുവശത്ത് പിണറായി വിജയന്‍. രണ്ടുപേരും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നവര്‍. ആരടാ എന്നു ചോദിച്ചാല്‍ എന്തടാ എന്നു ചോദിക്കാനല്ല, വേണമെങ്കില്‍ അതിനപ്പുറത്തേക്ക് പോകാനും ഇരുകൂട്ടര്‍ക്കും ഒരു മടിയുമില്ല.
ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ പറ്റുമോ? ഇനി പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ? അത്തരത്തില്‍ ആരെയും കൈയൊഴിയാനോ ചേര്‍ത്തുപിടിക്കാനോ കഴിയാത്ത ദുരവസ്ഥയിലാണ് അദ്ദേഹം. ഇത്തരമൊരവസ്ഥ സി.പി.എമ്മില്‍ മുമ്പൊരു പാര്‍ട്ടി സെക്രട്ടറിക്കും നേരിടേണ്ടിവന്നിട്ടുമില്ല. പാര്‍ട്ടിക്കാര്യത്തിലേ ഇതുവരെ ഈ ധര്‍മസങ്കടമുണ്ടായിരുന്നുള്ളൂ. എന്നാല്‍, രണ്ടുപേരും മത്സരിച്ച് ഫേസ്ബുക്കില്‍ എഴുത്തുതുടങ്ങിയതോടെ, അതും കൈവിട്ടുപോകുന്ന അവസ്ഥയിലായി. തോന്നിയതൊന്നും ഈ തെരഞ്ഞെടുപ്പുകാലത്ത് വാരിവലിച്ചെഴുതരുതെന്ന് പറയണമെന്നുണ്ട്.
എന്നാല്‍, അതുപറഞ്ഞാല്‍ രണ്ടു പേരും ഒന്നുകൂടെ ആഞ്ഞ് എഴുതിത്തുടങ്ങും. അതിനാല്‍ നല്ല കൈയക്ഷരത്തില്‍ എഴുതണമെന്ന് പറയുമ്പോലെ, നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതുക്ളാസ് എടുക്കുകയായിരുന്നു അദ്ദേഹം. ഏതായാലും ആരുടെയോ നേരുകൊണ്ട് രണ്ടു പേരും എഴുത്തില്‍ അല്‍പം മിതത്വം പാലിക്കുന്നുണ്ട് ഇപ്പോള്‍. മുമ്പൊക്കെ, പാര്‍ട്ടിയെന്നു പറഞ്ഞാല്‍ സെക്രട്ടറിയും സെക്രട്ടറിയെന്നു പറഞ്ഞാല്‍ പാര്‍ട്ടിയെന്നുമായിരുന്നു.
കോടിയേരി സഖാവ് വന്നതോടെ ആരാണ് പാര്‍ട്ടിയെന്നതിനെക്കുറിച്ച് ഒരു പ്ളീനം നടത്തി തീരുമാനിക്കേണ്ട അവസ്ഥയാണ്. ഇനി തെരഞ്ഞെടുപ്പു കഴിയുമ്പോഴാണ് യഥാര്‍ഥ അഗ്നിപരീക്ഷണം. അപ്പോഴാണ് ആരെ തള്ളണം ആരെ കൊള്ളണം എന്നു തീരുമാനിക്കപ്പെടുന്നത്. പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി എന്നൊക്കെ പറയാമെങ്കിലും അതില്‍ സെക്രട്ടറിയുടെ റോള്‍ നിര്‍ണായകവുമാണ്. മുമ്പത്തെ കാടാമ്പുഴ പൂമൂടലിന്‍െറയും പൊങ്കാലയുടെയും പുണ്യം ബാക്കിനില്‍പുണ്ടെങ്കില്‍ ഒരുപക്ഷേ, സമവായക്കാരനായി മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരിക്കുക സെക്രട്ടറിയാവാനും മതി. അതിന് മത്സരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇതിന് ചിരിക്കാരനായ നായനാരെ മറ്റൊരു ചിരിക്കാരനായ കോടിയേരിക്ക് മാതൃകയുമാക്കാം. മത്സരിക്കാതെ മുഖ്യമന്ത്രിയായ സെക്രട്ടറിയാണ് നായനാര്‍.

Wednesday, April 27, 2016

നയകോവിദന്‍

 അജിത് ശ്രീനിവാസന്‍
 09:57 AM
 27/04/2016
നയങ്ങള്‍ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സാമര്‍ഥ്യമുള്ളയാളെയാണ് നയകോവിദന്‍ എന്നു പറയുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നയകോവിദപ്പട്ടത്തിന് അര്‍ഹതയുള്ള അപൂര്‍വംചിലരില്‍ ഒരാളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. അതുപോലെ നല്ളൊരു കലാകാരനുമാണ് അദ്ദേഹം. മോദി മുതല്‍ മുടിവരെ എന്തിനെയും എങ്ങനെയും കൈാര്യംചെയ്യാന്‍  മാത്രമല്ല, ഏതുമായും ബന്ധമുണ്ടാക്കാനും അദ്ദേഹത്തിനറിയാം.
ഭൗതികജീവിതത്തില്‍ ഒരു പാലമിടുന്നത് അങ്ങോട്ടുപോകാനും ഇങ്ങോട്ടുവരാനുമാണ്. അത്തരത്തില്‍ അങ്ങോട്ട് എന്തിനുപോയോ അതുമായി അദ്ദേഹം തിരിച്ചുവരുകയും ചെയ്യും. പണ്ട് ‘അരിവാള്‍ സുന്നി’യെന്ന് ചിലര്‍ ആക്ഷേപിച്ചിരുന്നു. എന്നാല്‍, അരിവാളിന്‍െറ പിടികളഞ്ഞാല്‍ അതു ചന്ദ്രക്കലയായി. ഈ ചന്ദ്രക്കലയെ കൈപ്പത്തിയാക്കാനോ അതല്ളെങ്കില്‍ അതിനെ താമരയാക്കാനോ വലിയ പാടൊന്നുമില്ല. വരക്കാനറിയുന്ന ആളാവാണെന്നുമാത്രം. നല്ല ചിത്രകാരന് ചായവും ബ്രഷും ഒന്നും നിര്‍ബന്ധമല്ല. വെറും കരിയും കൈയും മാത്രം മതി. വിഖ്യാത ചിത്രകാരനായ രാജാ രവിവര്‍മയുടെ പ്രതിഭ തിളങ്ങിത്തുടങ്ങിയത് അദ്ദേഹം വീട്ടുഭിത്തിയില്‍ കരികൊണ്ടുവരച്ച ചിത്രങ്ങളിലൂടെയാണ്. അതുപോലെ തന്‍െറ അരിവാളിനെ ഒരേസമയം ചന്ദ്രക്കലയും കൈപ്പത്തിയും താമരയുമാക്കി തോന്നിപ്പിക്കാന്‍ കഴിയുന്നയാളുമാണ് കാന്തപുരം. അതിന്‍െറ പ്രത്യക്ഷ തെളിവാണ് മുഖ്യമന്ത്രിയും ഇടതുവലത് നേതാക്കളും സ്ഥാനാര്‍ഥികളും മാത്രമല്ല, ബി.ജെ.പി സ്ഥാനാര്‍ഥികള്‍വരെ കാരന്തൂര്‍ മര്‍കസില്‍ കയറിയിറങ്ങുന്നത്.
കാന്തപുരം പ്രവാചക മുടി വിവാദത്തില്‍പെട്ടപ്പോള്‍ മുടിയെ ‘ബോഡി വേസ്റ്റ്’ എന്നു പറയാന്‍ തയാറായത് പിണറായി വിജയന്‍ മാത്രമാണ്. അതു പറഞ്ഞെന്നുവെച്ച് കാന്തപുരത്തിന് പിണറായിയോടോ പിണറായിക്ക് കാന്തപുരത്തോടൊ ഒരു വിരോധവുമില്ല. അതുകൊണ്ടാണ് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ക്യൂ നില്‍ക്കുന്നതുപോലെ ഇടതുസ്ഥാനാര്‍ഥികള്‍ കഴിഞ്ഞദിവസം മര്‍കസില്‍ നിരനിരയായിനിന്ന് കാന്തപുരത്തെ കണ്ടത്. ഇതു പിണറായിയില്‍ മാത്രം ഒതുങ്ങുന്നില്ല. മുമ്പ് ബി.ജെ.പി ആദ്യം അധികാരത്തിലത്തെിയപ്പോള്‍ പ്രധാനമന്ത്രിയായ വാജ്പേയി കേരളത്തില്‍ എത്തിയിരുന്നു. ഒരു മടിയും കൂടാതെ കുമരകത്ത് ചെന്ന് അദ്ദേഹത്തെ കാണാന്‍ കാന്തപുരത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കാണാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്തിനു മടിക്കണമെന്ന ദേശീയവാദമായിരുന്നു അന്ന് അദ്ദേഹത്തെ നയിച്ചത്. എന്തോ ചില കേസുകളെക്കുറിച്ചൊക്കെ, അന്ന് ചിലരൊക്കെ പറഞ്ഞുകേട്ടിരുന്നു.
ഗുജറാത്ത് വംശഹത്യ അടക്കമുള്ള വിഷയങ്ങളില്‍ ആരോപണവിധേയനാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന നീക്കങ്ങളെക്കുറിച്ച് മലയാളിയായ മുന്‍ ഡി.ജി.പിതന്നെ പുസ്തകം എഴുതിയിട്ടുണ്ട്. എന്നിട്ടും ഈയിടെ മോദി ഉദ്ഘാടനം ചെയ്ത സൂഫി സമ്മേളനത്തില്‍ പേകാന്‍ മാത്രമല്ല, അദ്ദേഹത്തിന് ‘ഗിഫ്റ്റ്’ നല്‍കാനും കാന്തപുരം തയാറായി. ഈ തെരഞ്ഞെടുപ്പില്‍ ഒരു ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തെങ്കിലും എതു മുന്നണിക്കാണ് പിന്തുണയെന്ന് ഇനിയും പറഞ്ഞിട്ടില്ല. അത് വോട്ടെണ്ണിയശേഷമേ വെളിപ്പെടുത്തൂ. ഇതാണ് അദ്ദേഹം പറയുന്ന ‘ന്യായവും യുക്തിയും’.
COMMENTS